ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീന്‍ പട്‌നായിക്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആണ് ബിജെഡി തലവന്റെ തീരുമാനം. ഇതോടെ 24 വര്‍ഷം നീണ്ട നവീന്‍ പട്‌നായിക്കിന്റെ ഭരണമാണ് അവസാനിച്ചത്. അടുത്ത ബിജെപി മുഖ്യമന്ത്രിയെ നാളെ അറിയാൻ കഴിയും. ഭുവനേശ്വറിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ രഘുബര്‍ ദാസിന് രാജിക്കത്ത് കൈമാറി
നിയമസഭ തെരഞ്ഞെടുപ്പില്‍ പട്‌നായിക്കിന്റെ ബിജു ജനതാദളിന്റെ പരാജയത്തെത്തുടര്‍ന്നാണ് രാജി. ബിജെപിയുടെ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കും.147 അംഗ ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഭരണകക്ഷിയായ ബിജെഡിക്ക് 51 സീറ്റു മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് 14 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 74 എംഎല്‍എമാരാണ് വേണ്ടത്.
ഒഡീഷയിലെ ലോക്‌സഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെഡിക്ക് സമ്പൂര്‍ണ പരാജയമാണ് നേരിട്ടത്. ആകെയുള്ള 21 മണ്ഡലങ്ങളില്‍ 20 ഉം ബിജെപി നേടി. ശേഷിക്കുന്ന ഒരു സീറ്റ് കോണ്‍ഗ്രസും നേടി. 2000 ലാണ് നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രി പദത്തിലേറുന്നത്. പിന്നീട് തുടര്‍ച്ചയായി 24 വര്‍ഷം ഭരണത്തില്‍ തുടരുകയായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവാണ് സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിങ്. ചാംലിങിന് പിന്നില്‍ രണ്ടാമനാണ് നവീന്‍ പട്‌നായിക്. 1998 ല്‍ പിതാവ് ബിജു പട്‌നായികിന്റെ മരണത്തോടെ, ആകസ്മികമായിട്ടാണ് നവീന്‍ പട്‌നായിക് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.