നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഇൻഡ്യ മുന്നണി സമീപിച്ചെന്ന് ജെഡിയു: നിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെഡിയുവിൻ്റെ അവകാശവാദത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയാകാൻ ഇന്ത്യാമുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് ജനതാദൾ (യുണൈറ്റഡ്) നേതാവ് കെസി ത്യാഗി പറഞ്ഞിരുന്നു. നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ ദേശീയ കൺവീനറാക്കാൻ വിസമ്മതിച്ചവർ ഇപ്പോൾ പ്രധാനമന്ത്രിയാക്കാനുള്ള വാഗ്ദാനങ്ങൾ നടത്തുകയാണെന്നായിരുന്നു ത്യാഗിയുടെ ആരോപണം. കോൺഗ്രസും മറ്റ് പാർട്ടികളും നിതീഷ് കുമാറിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച ത്യാഗി ജെഡിയു ഇന്ത്യാ മുന്നണിയിലേക്ക് തിരിച്ചുവരില്ലെന്നും പറഞ്ഞു.