കുവൈറ്റില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദാരുണ മരണം: നടുക്കം രേഖപ്പെടുത്തി ഇന്ത്യ
കുവൈറ്റ് സിറ്റി :കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു. എല്ലാവിധ സഹായങ്ങളും എംബസി നല്‍കുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ ജോലി ചെയ്യുന്ന ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര സഹായത്തിനായി നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്.
+965-65505246 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രാദേശിക സമയം പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം ഉണ്ടായത്. 35-ഓളം പേര് മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. രണ്ട് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ജീവന് നഷ്ടമായെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുവൈറ്റ് മന്ത്രി ഫഹദ് അല്‍ യൂസഫും ഇന്ത്യന്‍ അംബാസഡറും സ്ഥലത്തെത്തിയിരുന്നു.