കുവൈറ്റില്‍ വന്‍ തീപിടിത്തം: നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, മരിച്ചവരില്‍ മലയാളികളുണ്ടെന്ന് സൂചന


കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 35 ഓളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെയും ജീവന്‍ നഷ്ടമായെന്നാണ് സൂചന. പ്രാദേശിക സമയം പുലര്‍ച്ചെ 4.30നായിരുന്നു അപകടം. മംഗഫിലെ (ബ്ലോക്ക്-4) കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അഞ്ചു ഇന്ത്യക്കാര്‍ മരിച്ചെന്ന് സ്ഥിരീകരിക്കുമ്പോള്‍ ഇതില്‍ രണ്ടുപേര്‍ മലയാളികളെന്നാണ് വിവരം. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. മരണ സംഖ്യ ഇനിയും ഉരാന്‍ സാദ്ധ്യതയുണ്ട്.

തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സമീപത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായിയത്.അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ട്. രണ്ടു മലയാളികളും തമിഴ്‌നാട് സ്വദേശിയും ഉത്തരേന്ത്യക്കാരനും അഗ്‌നിബാധയില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കെട്ടിട ഉടമയെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാനും കുവൈറ്റ് സര്‍ക്കാര്‍ നീക്കം നിര്‍ദ്ദേശം നല്‍കി.