സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം: ആറുപേര്‍ കൊല്ലപ്പെട്ടു


നാഗ്പൂര്‍: സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നാഗ്പൂരിലാണ് സംഭവം. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

നാഗ്പൂര്‍ നഗരത്തിനടുത്തുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഹിംഗന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധംന ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. പരിക്കേറ്റ 9 പേരെ നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് നാഗ്പൂര്‍ പൊലീസ് കമീഷണര്‍ രവീന്ദ്ര സിംഗാള്‍ പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയുടെ പാക്കേജിങ് യൂണിറ്റില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചവരില്‍ അധികവുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.