അജിത് ഡോവല്‍ തുടരും: മൂന്നാം മോദി സര്‍ക്കാരിലും സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല ഡോവലിന്


ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും. മൂന്നാം എന്‍ഡിഎ സര്‍ക്കാരിലും സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല ഡോവലിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നീക്കം. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി.കെ മിശ്രയും തുടരുന്നതാണ്. കാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റിയുടേതാണ് തീരുമാനം.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഭരണപരമായ ചുമതലകളും നിയമനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രിന്‍സിപ്പില്‍ സെക്രട്ടറിയായ മിശ്രയാണ്. ദേശീയ സുരക്ഷ, സൈനിക നടപടികള്‍, ഇന്റലിജന്‍സ് എന്നീ മേഖലകളാണ് ഡോവല്‍ കൈകാര്യം ചെയ്യുക. 1968 ബാച്ച് ഐപിഎസ് ഓഫീസറാണ് ഡോവല്‍. പി.കെ മിശ്ര 1972 ബാച്ചിലെ ഐഎഎസ് ഓഫീസറാണ്.