ആത്മീയ ടൂറിസം: വാരാണസിയിലും അയോധ്യയിലും വസ്തു വില കുതിപ്പ്, വരുന്നത് 1000 ഏക്കര്‍ ടൗണ്‍ഷിപ്പ്


ലക്‌നൗ: രാജ്യത്ത് ആത്മീയ ടൂറിസം വേരുപിടിക്കുന്നു എന്നതിന് തെളിവ്. 2022 ല്‍ 1433 ദശലക്ഷം ഇന്ത്യാക്കാര്‍ ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. 2021 ല്‍ ഇത് 677 ദശലക്ഷം മാത്രമായിരുന്നു. 2022 ല്‍ മാത്രം ആത്മീയ ടൂറിസം കേന്ദ്രങ്ങള്‍ 1,34,543 കോടി രൂപ നേടിയെന്ന് കണക്ക് പറയുന്നു. 2021 ല്‍ 65070 കോടി രൂപയായിരുന്നു വരുമാനം.

ഈ കുതിപ്പ് പല ആരാധനാലയങ്ങളോട് ചേര്‍ന്നും റിയല്‍ എസ്റ്റേറ്റ് രംഗത്തിന് വലിയ നേട്ടമായിട്ടുണ്ട്. അയോധ്യയില്‍ മാത്രം വസ്തു വില നാല് മുതല്‍ 10 മടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതിക്ക് വിധിക്ക് ശേഷം മാത്രം വസ്തു വില 25 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നു.

മാജിക്ബ്രിക്‌സിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബറിനും 2024 ജനുവരിക്കും ഇടയില്‍ മാത്രം റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശരാശരി വില 179 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, അയോധ്യയില്‍ ആയിരം ഏക്കര്‍ വിസ്തൃതിയില്‍ വലിയ ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് യോഗി സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് വഴി സര്‍ക്കാരിന് വരുമാനം കൂട്ടാനാണ് ഇത്തരത്തിലൊരു പദ്ധതി. സമാനമായ സ്ഥിതിയാണ് ഉജ്ജയിനിലും. കാശി വിശ്വനാഥ ഇടനാഴി വന്നതോടെ വാരാണസിയില്‍ വസ്തു വില കുതിച്ചുയര്‍ന്നു.