ഹൈദരാബാദ് : ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ മോഷണക്കേസ് . മുഖ്യമന്ത്രിയായിരിക്കെ തന്റെ ക്യാമ്പ് ഓഫീസിനായി അനധികൃതമായി ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ വൈഎസ് ജഗൻ മോഹൻ റെഡ്‌ഡി 45.54 കോടി രൂപ പൊതുപണം ഉപയോഗിച്ചതായി പരാതിയിൽ ആരോപിക്കുന്നു. അതിനു ശേഷം പൊതുപണം ഉപയോഗിച്ച് വാങ്ങിയ ആ വസ്തുക്കൾ സർക്കാരിലേക്ക് തിരികെ നൽകാതെ സ്വന്തമാക്കി എന്നാണ് ആരോപണം.
ആന്ധ്രാപ്രദേശിൽ നിന്നുള്ള എപി ബ്രാഹ്മണ ചൈതന്യവേദി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് സിരിപുരപ്പു ശ്രീധർ വർമ്മയാണ് ഗുണ്ടൂരിലെ എസ്പി ഓഫീസിൽ കേസ് ഫയൽ ചെയ്തത്. അടുത്തിടെ നടന്ന എപി പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഫർണിച്ചറുകളും മറ്റ് സാമഗ്രികളും നിയമപരമായി സംസ്ഥാന സർക്കാരിന് കൈമാറിയില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ജഗനെതിരെ കടുത്ത നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
ജഗൻ ഫർണിച്ചർ മോഷ്ടിച്ചു എന്നുള്ള ആരോപണം തെലുങ്ക് സൈബർ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. #FurnitureDongaJagan എന്ന ഹാഷ്‌ടാഗ് ഇന്നലെ മുതൽ ട്വിറ്ററിൽ വലിയ പ്രചാരം നേടിതന്റെ ക്യാമ്പ് ഓഫീസ് സജ്ജീകരിക്കാൻ ജഗൻ സംസ്ഥാന ഖജനാവിന്റെ ചെലവിൽ ഏറ്റവും ആഡംബരപൂർണ്ണമായ ഫർണിച്ചറുകൾ വാങ്ങിയതായി ആരോപിച്ച് ടിഡിപി നേതാക്കൾ മുൻപ് തന്നെ രംഗത്തു വന്നിട്ടുണ്ട്. ജഗൻ ബ്രിട്ടീഷ് ഫർണിച്ചറുകൾ പോലും വിലകൊടുത്ത് വാങ്ങിയെന്നാണ് ആരോപണം.
സ്വന്തം വീട്ടിലെത്തിച്ച ഈ ഫർണിച്ചറുകൾ സംസ്ഥാന ഖജനാവിലേക്ക് ബില്ല് ചെയ്തു. ഈ ആഡംബര വസ്തുക്കൾ മുൻപ് ക്യാമ്പ് ഓഫീസായിരുന്ന മാറ്റിയ ജഗന്റെ വീട്ടിലാണ് ഉപയോഗിക്കുന്നത്, ഈ വീട് നിലവിൽ വൈസിപി ഹെഡ് ഓഫീസായി മാറിയിരിക്കുന്നു. പൊതുജനങ്ങളുടെ പണം മുടക്കി, വാങ്ങിയ ഇത്തരം വിലകൂടിയ ഫർണിച്ചറുകൾ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതിൽ വൻ വിമർശനമാണ് ജഗൻമോഹൻ ഏറ്റുവാങ്ങുന്നത്.
അതിനിടെ ടിഡിപി അധികാരത്തിൽ വന്നതു മുതൽ ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി തുറന്നുകാട്ടുകയാണ്. ചന്ദ്രബാബു നായിഡു ചുമതലയേറ്റ ശേഷം റുഷിക്കൊണ്ട കൊട്ടാരം തുറന്നുകാട്ടുന്നത് മുതൽ വൈഎസ് ജഗന്റെ വസതിക്ക് സമീപമുള്ള റോഡ് തുറക്കുന്നത് വരെ, തെലുങ്ക് രാഷ്‌ട്രീയ വൃത്തങ്ങളിൽ നിരവധി സംഭവങ്ങളാണ് നടക്കുന്നത്.