രാജ്യത്തെ മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും: മത പരിവർത്തന കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡൽഹി: മതസംഘടനകളുടെ മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതി. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ജാമ്യാപേക്ഷ കോടതി തള്ളി. ജഡ്ജി രോഹിത് രഞ്ജൻ അഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. രാംകാലി പ്രജാപതി എന്നയാളാണ് പരാതി നൽകിയത്. ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ ചികിത്സ വാഗ്ദാനം ചെയ്ത് മതം മാറ്റിയെന്നാണ് കൈലാഷിനെതിരെ ഇയാൾ പരാതി നൽകിയത്.
ഗ്രാമത്തിലെ നിരവധിപ്പേരെ ഇയാൾ ഡൽഹിയിലെത്തിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയതായി പരാതിയിൽ ആരോപിച്ചു. ഹാമിർപുർ ജില്ലയിലെ മൗദാഹ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കൈലാഷിനെ അറസ്റ്റ് ചെയ്തു. പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും ദലിതരെയും അനധികൃതമായി മതംമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.