പാചകവാതക സിലിന്‍ഡര്‍ ഗുണഭോക്താക്കളുടെ യഥാര്‍ത്ഥ കണക്കറിയാന്‍ ബയോമെട്രിക് മസ്റ്ററിങ് സംവിധാനത്തിനൊരുങ്ങി കേന്ദ്രം
കോഴിക്കോട്: രാജ്യത്തെ പാചകവാതക സിലിന്‍ഡര്‍ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാന്‍ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കര്‍ശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തിറക്കിയില്ലെങ്കിലും ഗ്യാസ് ഏജന്‍സികളില്‍ ഇതിനകം തിരക്ക് തുടങ്ങിക്കഴിഞ്ഞു.
മസ്റ്ററിങ് നടത്തേണ്ട അവസാനതീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണംമൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജന്‍സികളില്‍ എത്തുന്നത്. ബയോമെട്രിക് മസ്റ്ററിങ് നടത്താന്‍ എല്ലാ ഗ്യാസ് ഏജന്‍സി ഓഫീസുകളില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊപ്പം, അവശര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്‍പ്പെടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിന് സിലിന്‍ഡര്‍ വിതരണം ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കിയിട്ടുമുണ്ട്.
കെ.വൈ.സി.ക്കു പിന്നാലെ ബയോമെട്രിക് കൂടി കര്‍ശനമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത് സിലിന്‍ഡറുകളുടെ യഥാര്‍ഥ ഗുണഭോക്താക്കളെ നിശ്ചയിക്കാനാണ്. പലരും കണക്ഷന്‍ കൈമാറിയിട്ടുണ്ടെന്നും യാഥാര്‍ഥ കണക്ഷന്‍ ഉടമകള്‍ മരണപ്പെട്ടതിനുശേഷവും ആ പേരുകളില്‍ സിലിന്‍ഡര്‍ കൈപ്പറ്റുന്നുവെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കര്‍ശനമാക്കുന്നത്. നേരത്തേ സബ്‌സിഡി സിലിന്‍ഡര്‍ ഉള്ളവര്‍ക്കുമാത്രമായിരുന്നു മസ്റ്ററിങ്. എങ്കില്‍ ഇനിയങ്ങോട്ട് എല്ലാവര്‍ക്കും ഇത് വേണ്ടിവരുമെന്നാണറിയുന്നത്.