ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.
യുക്രൈന്- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലേയ്ക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദര്‍ശിക്കും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ റഷ്യയില്‍ നിന്നാണ് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ആയുധങ്ങള്‍ക്കായും ഇന്ത്യ ആശ്രയിക്കുന്നത് റഷ്യയെയാണ്. മോദിയും പുടിനും തമ്മില്‍ നടക്കാന്‍ പോകുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യത്തെയും സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാര്‍, ഫിഫ്ത് ജനറേഷന് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍, ആണവോര്‍ജ്ജ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.