ലക്‌നൗ: ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 30 പേര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലക്‌നൗ – ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമര്‍ഹിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസും ടാങ്കറും പൂര്‍ണമായും തകര്‍ന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരെയും മരിച്ച നിലയില്‍ത്തന്നെയാണ് പുറത്തെടുത്തത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കി.