അയോദ്ധ്യ രാമക്ഷേത്രം ഇനി മുതല്‍ എന്‍എസ്ജിയുടെ ശക്തമായ സുരക്ഷാവലയത്തില്‍: ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ റോന്ത് ചുറ്റും
ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്ജി) ഹബ് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ ശക്തം . എന്‍എസ്ജി സംഘം ജൂലൈ 17ന് ഇവിടെയെത്തി ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും.
Read Also: സ്‌കൂളിന് മുകളിലേയ്ക്ക് വന്‍ മരം കടപുഴകി വീണു, മേല്‍ക്കൂര തകര്‍ന്നു
എന്‍എസ്ജി സംഘത്തെ ഇവിടെ സ്ഥിരമായി വിന്യസിക്കും. നാല് ദിവസം അയോദ്ധ്യയില്‍ തങ്ങുന്ന അവര്‍ രാമജന്മഭൂമിയുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ വിലയിരുത്തും. സംഘം ജൂലൈ 20 വരെ അയോദ്ധ്യയില്‍ തുടരും. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതു മുതല്‍ തീവ്രവാദ ഭീഷണി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിവരികയാണ്.
ജനുവരിയില്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ശേഷം, ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് ഇവിടെ ദര്‍ശനത്തിനെത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ഊന്നല്‍ നല്‍കുന്നത്. അയോദ്ധ്യയില്‍ എന്‍എസ്ജിയുടെ ഹബ്ബ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്‍എസ്ജി ഹബ്ബില്‍ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.