തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി: എന്നിട്ടും യുവാവ് പിടിക്കപ്പെട്ടു


മുംബൈ: തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ തുഷാർ പവാർ എന്ന യുവാവാണ് അറസ്റ്റിലായത്. ബാങ്കോക്കിലേക്ക് പോകാനായി മുംബൈ ഛത്രപതി മഹാരാജ് വിമാനത്താവളത്തിൽ എത്തിയപ്പോൾ എയർപോർട്ട് ജീവനക്കാർക്ക് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.

2023നും 2024നും ഇടയിൽ തുഷാർ നിരവധി തവണ തായ്‌ലാന്റിൻ പോയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു തുഷാറിന്റെ യാത്ര. ഭാര്യയെ അറിയിക്കാതെയാണ് തുഷാർ യാത്ര നടത്തിയിരുന്നത്. ഈ വിവരം ഭാര്യ അറിയാതിരിക്കാനായി പാസ്‌പോർട്ടിലെ മുദ്ര വെച്ച പേജുകൾ കീറിമാറ്റുകയും പകരം ബ്ലാങ്ക് പേപ്പറുകൾ പകരം തുന്നിച്ചേർക്കുകയും ചെയ്തത്.

ബാങ്കോക്കിലേക്ക് പോകാനായിമുംബൈ ഛത്രപതി മഹാരാജ് വിമാനത്താവളത്തിൽ എത്തിയപ്പോൾ പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥയായ ആസ്ത മിത്തലിന് ഇയാളുടെ പാസ്‌പോർട്ട് രേഖകളിൽ കൃത്രിമം നടന്നതായി സംശയം തോന്നിയിരുന്നു. വിശദമായി പരിശോധിച്ചപ്പോഴാണ് പാസ്‌പോർട്ടിലെ 12 പേജുകൾ മാറ്റി പുതിയ കടലാസുകൾ കൂട്ടിച്ചേർത്തതായി തെളിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. എന്തിനാണ് ഇത് ചെയ്തതെന്ന കാര്യം തുഷാർ വ്യക്തമാക്കിയില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് തുഷാർ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

2023നും 2024നും ഇടയിൽ നിരവധി തവണ സുഹൃത്തുക്കളോടൊപ്പം തായ്‌ലാന്റിൽ പോയിട്ടുണ്ടെന്നും ഇക്കാര്യം ഭാര്യയ്ക്ക് അറിയില്ലെന്നും തുഷാർ പറഞ്ഞു. യാത്ര പോയ വിവരം ഭാര്യ അറിയാതിരിക്കാനാണ് പാസ്‌പോർട്ടിലെ പേജുകൾ മാറ്റിയതെന്നും തുഷാർ പറഞ്ഞു. പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ സംഭവത്തിൽ തുഷാറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പ് പ്രകാരം വഞ്ചനാ കുറ്റം ചുമത്തി തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1967ലെ ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെ സുപ്രധാന വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.