ബംഗളൂരു: മാളിൽ മുണ്ട് ധരിച്ചെത്തിയ വയോധികന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ശ്കതമായ പ്രതിഷേധം. വയോധികനായ കർഷകനും മകനും സിനിമ കാണുന്നതിനുവേണ്ടിയാണ് ജി.ടി മാളിൽ എത്തിയത്. എന്നാൽ, വസ്ത്രത്തിന്റെ പേരിൽ മാനേജ്‌മന്റ് ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
മാളിനുള്ളിൽ മുണ്ട് ധരിച്ച് പ്രവേശനം അനുവദിക്കാനാവില്ലെന്നും പാന്റ് ധരിച്ചെത്തണമെന്നും മാൾ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. സിനിമ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടു പോലും തീരുമാനം മാറ്റാൻ അധികൃതർ തയാറായില്ല.
അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നിരവധി പേരെത്തി. പ്രായമായ ആൾക്ക് ബഹുമാനം നൽകാത്തതിൽ കർഷക സംഘടനകൾ മാളിന് മുമ്പിൽ പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ ആയിരക്കണക്കിന് കർഷകരുമായി വന്ന് മാളിന് മുമ്പിൽ പ്രതിഷേധിക്കുമെന്നും സംഘടന നേതാക്കൾ അറിയിച്ചു. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി അധികൃതർ രംഗത്തെത്തി.
നേരത്തെ വലിയ ചാക്കുമായെത്തിയ കർഷകന് ബംഗളൂരു മെട്രോ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. വസ്ത്രത്തിന്റെ വൃത്തിക്കുറവ് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രവേശനം നിഷേധിച്ചത്. ഇത് വലിയ വിവാദമായതിനെ തുടർന്ന് മെട്രോ അധികൃതർ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.