ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനും സഞ്ജയ് കരോള്‍, കെ.വി. വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാക്കുംവരെ വധശിക്ഷ സ്റ്റേചെയ്തത്. പ്രതിയുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി നിർദേശിച്ചു. തൃശ്ശൂർ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോർഡ് രൂപവത്കരിച്ച്, പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കല്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.
read also: ട്രാഫിക് കുരുക്ക് : സിവില്‍ പോലീസ് ഓഫീസര്‍ക്ക് നേരെ സി.ഐയുടെ തെറിയഭിഷേകം , പരാതി
കേസില്‍ അന്തിമ ഉത്തരവ് വരുന്നതുവരെയാകും സ്റ്റേയ്ക്ക് പ്രാബല്യമുണ്ടാവുകയെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന ജയില്‍ സൂപ്രണ്ടിന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു.
2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂരിലെ വീട്ടിൽ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അമീറുല്‍ ഇസ്ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.