ഡല്‍ഹിയിലേക്ക് ഏറ്റവും വേഗതയേറിയ ട്രെയിന്‍, കേരളത്തില്‍ വെറും രണ്ട് സ്റ്റോപ്പ്: വിശദാംശങ്ങള്‍ അറിയാം
ഡല്‍ഹിയിലേക്ക് ഏറ്റവും വേഗതയേറിയ ട്രെയിന്‍, കേരളത്തില്‍ വെറും രണ്ട് സ്റ്റോപ്പ്: വിശദാംശങ്ങള്‍ അറിയാം
ദൂരയാത്രയ്ക്ക് പൈസ കുറച്ച് അധികം നല്‍കിയാലും പെട്ടെന്ന് എത്തുന്ന ട്രെയിന്‍ ഏതാണ് എന്നതാണ് ആളുകള്‍ ആ്യം നോക്കുന്നത്. ഡല്‍ഹി യാത്രകള്‍ക്ക് പൊതുവേ ഏറ്റവും ചെലവേറിയ ട്രെയിന്‍ ആയി അറിയപ്പെടുന്നത് രാജധാനി എക്‌സ്പ്രസ് ആണ്. എന്നാല്‍ രാജധാനിയേക്കാള്‍ വേഗത്തില്‍ ഡല്‍ഹിയിലെത്തുന്ന ഒരു ട്രെയിന്‍ നമ്മുടെ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നു. വേഗത കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടുമെല്ലാം നിരാശപ്പെടുത്താത്ത എറണാകുളം – ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്.
കേരള – ഡല്‍ഹി – കേരള റൂട്ടില്‍ വേഗതയേറിയ യാത്രയാണ് എറണാകുളം – ഹസ്രത് നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (12283/12284) വാഗ്ദാനം ചെയ്യുന്നത്. എറണാകുളത്ത് നിന്നും ഡല്‍ഹിയിലേക്ക് 42 മണിക്കൂറാണ് ഈ ട്രെയിനില്‍ യാത്രാ സമയം. മറ്റു പല ട്രെയിനുകളിലും 45 മുതല്‍ 51 മണിക്കൂര്‍ വരെയാണ ഡല്‍ഹിയില്‍ എത്തിച്ചേരാനെടുക്കുന്ന സമയം. കേരളത്തിലെ ആദ്യ തുരന്തോ എക്‌സ്പ്രസും ഇന്ത്യയിലെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന തുരന്തോ എക്‌സ്പ്രസും കൂടിയാണിത്.
എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എല്ലാ ചൊവ്വാഴ്ചയും രാത്രി 11.25 ന് ട്രെയിന്‍ നമ്പര്‍ 12283 എറണാകുളം – ഹസ്രത് നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് യാത്ര ആരംഭിക്കും. 41 മണിക്കൂര്‍ 55 മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ ട്രെയിന്‍ വ്യാഴാഴ്ച വൈകീട്ട് 5.20ന് ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തും. മൂന്നു ദിവസം കൊണ്ട് ആകെ 2943 കിലോമീറ്റര്‍ ആണ് ഇത് പിന്നിടുന്നത്. സെക്കന്‍ഡ് സിറ്റിങ്, സ്ലീപ്പര്‍ എസി 2 ടയര്‍, എസി 3 ടയര്‍, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകളാണ് ഇതിലുള്ളത്.
എറണാകുളത്ത് നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് സെക്കന്‍ഡ് സിറ്റിങ്ങില്‍ 870 രൂപ,സ്ലീപ്പറില്‍ 2095 രൂപ, എസി ത്രീടയറില്‍ 4040 രൂപ, എസി ടൂ ടയറില്‍ 5470 രൂപ, എസി ഫസ്റ്റ് ക്ലാസില്‍ 8375 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇത് ജൂലൈ 23 ചൊവ്വാഴ്ചത്തെ നിരക്കായി ഐആര്‍സിടിസി വെബ്‌സൈറ്റില് കാണിക്കുന്നതാണ്.
ഡല്‍ഹിയില്‍ നിന്നു തിരികെ ഹസ്രത് നിസാമുദ്ദീന്‍ -എറണാകുളം ജംങ്ഷന്‍ തുരന്തോ എക്‌സ്പ്രസ് എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തുന്നു. നിസാമുദ്ദീനില്‍ നിന്ന് ശനിയാഴ്ച രാത്രി 9.40ന് പുറപ്പെടുന്ന ട്രെയിന്‍ 44 മണിക്കൂര്‍ 35 മിനിറ്റ് സഞ്ചരിച്ച് തിങ്കളാഴ്ച വൈകിട്ട് 6.15 ന് എറണാകുളത്ത് എത്തുന്നു.