അര്‍ജുനെ കുറിച്ച് 3 ദിവസമായി വിവരമില്ലെന്ന് ബന്ധുക്കള്‍, ലോറി സഹിതം കാണാതായ സംഭവത്തില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു


ബെഗളൂരു: കര്‍ണാടക അങ്കോല മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മേഖലയില്‍ കനത്ത മഴ തുടരുന്നതിനാലാണ് എന്‍ഡിആര്‍എഫും പൊലീസും താത്കാലികമായി തെരച്ചില്‍ നിര്‍ത്തിയത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തെരച്ചിലിനായി നാവികസേനയെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു.