ദ്രാസ്: സൈന്യത്തെ ചെറുപ്പമാക്കാനാണ് അഗ്‌നിപഥ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികവേളയിലാണ് പരാമർശം. അഗ്‌നിപഥ് പദ്ധതിയെ ചിലർ അതിവൈകാരിക വിഷയമാക്കിയെന്നും പ്രതിപക്ഷത്തെ ഉന്നമിട്ടു മോദി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ അഗ്നിപഥിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണു മോദിയുടെ പരാമർശം.
“ആഗോള തലത്തിൽ സൈനികരുടെ ശരാശരി വയസ്സിനേക്കാൾ കൂടുതലാണ് ഇന്ത്യൻ സൈന്യത്തിന്റേത്. ഇന്ത്യൻ സേനയെ ചെറുപ്പമാക്കുക എന്നതാണ് അഗ്നിപഥിന്റെ ലക്ഷ്യം. സൈന്യത്തെ എപ്പോഴും യുദ്ധസജ്ജരാക്കി നിർത്താൻ ഇതാവശ്യമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ നിർഭാഗ്യവശാൽ ചിലർ രാഷ്ട്രീയ കാരണങ്ങളാൽ അതിവൈകാരിക വിഷയമാക്കി. അഴിമതികൾ നടത്തി നേരത്തേ സൈന്യത്തെ ദുർബലപ്പെടുത്തിയവരാണ് ഈ നുണകൾക്കു പിന്നിൽ.
‘വ്യക്തിപരമായ നേട്ടങ്ങൾക്കായി നുണകളുടെ രാഷ്ട്രീയമാണ് അവർ പ്രയോഗിക്കുന്നത്. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവർ സൈന്യത്തെ സംരക്ഷിച്ചില്ലെന്നു ചരിത്രത്തിൽനിന്നു മനസ്സിലാകും. യുദ്ധസ്മാരകം നിർമിക്കാനോ അതിർത്തിയിലെ സൈനികർക്കു മതിയായ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നൽകാനോ ഇവർ തയാറായില്ല. സൈനികർക്ക് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി കൊണ്ടുവന്നതു ഞങ്ങളുടെ സർക്കാരാണ്’’– മോദി പറഞ്ഞു.
കാർഗിൽ വിജയ് ദിനത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച സൈനികർ അമരത്വം നേടിയവരാണെന്നും ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നുവെന്നും കാർഗിലിലേതു പാക്കിസ്ഥാന്റെ ചതിക്കെതിരായ വിജയമാണെന്നും മോദി പറഞ്ഞു.