നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച വ്ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ, പോലീസെത്തി മോചിപ്പിച്ചു
പാലക്കാട്: വ്ലോഗറെ തമിഴ്‌നാട്ടില്‍നിന്ന് എത്തിയ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലി. സ്ത്രീകളുടെ നഗ്നദൃശ്യം ഇയാള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ ആണ് സ്ത്രീകളുടെ സംഘം ആക്രമിച്ചത്. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.
അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്.
യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു.
സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.