ഇന്നുമുതൽ കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേക്ക് വെറും 9 മണിക്കൂർ മതി: മൂന്നാം വന്ദേഭാരതിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
കൊച്ചി: ഇന്നു മുതൽ കൊച്ചി – ബെംഗളുരു ദൂരം പിന്നിടാൻ വെറും 9 മണിക്കൂർ മതി. ഇന്ന് ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് നിന്നും കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്സ്പ്രസ് കന്നിയാത്ര ആരംഭിക്കുമ്പോൾ മലയാളികളുടെ ദീർഘകാലമായുള്ള ആഗ്രഹവും ആവശ്യവുമാണ് സഫലമാകുന്നത്. സ്പെഷ്യൽ സർവീസായാണ് എറണാകുളം ബെംഗളുരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതെങ്കിലും ഇത് സ്ഥിരം സർവീസാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ എറണാകുളം- ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസമാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. 12 സർവീസുകളുള്ള സ്‌പെഷ്യൽ ട്രെയിനിന്റെ സമയക്രമത്തിനൊപ്പം സ്റ്റോപ്പുകളുടെ വിവരങ്ങളും ടിക്കറ്റ് നിരക്കും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12.50 നാണ് എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുക. രാത്രി പത്തുമണിക്ക് ബംഗളൂരുവിൽ എത്തിച്ചേരും. പിറ്റേന്ന് പുലർച്ച 5.30നാണ് മടക്കയാത്ര. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് മടങ്ങിയെത്തും. കടുത്ത പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ കൃത്യ സമയത്തുതന്നെ ട്രെയിൻ എത്തിച്ചേരും.
സ്റ്റോപ്പുകൾ
തൃശൂർ, പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലായിരിക്കും മൂന്നാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാവുക. ബുധൻ, വെള്ളി, ഞായർ, ദിസവങ്ങളിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് ഉണ്ടാവും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സർവീസുകൾ ഉണ്ടാവുക.
യാത്രക്കൂലി
മൂന്നാം വന്ദേഭാരതിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്. എറണാകുളം-ബംഗളൂരു എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2945 രൂപയുമാണ് നിരക്ക്. ബസ് ചാർജിനെക്കാൾ ഇത് അല്പം കൂടുതലാണെന്ന് തോന്നുമെങ്കിലും സമയ ലാഭവും സൗകര്യങ്ങളും വച്ചുനോക്കുമ്പോൾ ഏറെ ലാഭകരമാവും എന്നാണ് യാത്രക്കാർ സൂചിപ്പിക്കുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം. എന്നാൽ കേരളത്തിലെ ട്രാക്കുകളുടെ പ്രശ്നങ്ങൾ മൂലം വേഗത കുറച്ചാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഐടി മേഖലയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന നിരവധി മലയാളികൾക്ക് പുതിയ ട്രെയിൻ ഏറെ പ്രയോജനപ്പെടും. അതിനാൽത്തന്നെ മറ്റ് രണ്ട് വന്ദേഭാരത് ട്രെയിനുകൾ പോലെ മൂന്നാം വന്ദേഭാരതും സൂപ്പർഹിറ്റായേക്കും. വരുമാനത്തിനനുസരിച്ചായിരിക്കും ഇപ്പോഴത്തെ സ്പെഷ്യൽ സർവീസ് സ്ഥിരമാക്കുന്ന കാര്യത്തിൽ റെയിൽവേ തീരുമാനമെടുക്കുക.