ഐഎഎസ് കോച്ചിങ് സെന്റർ അപകടം: ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവര്‍ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു


ന്യൂഡല്‍ഹി: ഡൽഹി ഐഎഎസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അഞ്ച് പേരെ കൂടെ അറസ്റ്റ് ചെയ്തു. കോച്ചിങ് സെന്ററിന്റെ ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവറെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആകെ അറസ്റ്റില്‍ ആയവരുടെ എണ്ണം ഏഴായി.

കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. കോച്ചിങ് സെന്റര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡല്‍ഹി കോര്‍പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബേസ്മെന്റിന് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്സിന്റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

”സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ല. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി കോര്‍പ്പറേഷന് നോട്ടീസ് അയയ്ക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കോച്ചിങ് സെന്ററുകളുടെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അനധികൃത ക്ലാസുകള്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഓള്‍ഡ് രാജേന്ദര്‍ നഗറിലെ 13 കോച്ചിങ് സെന്ററുകള്‍ ഡല്‍ഹി കോര്‍പ്പറേഷന്‍ പൂട്ടിച്ചു.