ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ ദുരന്തത്തില്‍ 44 പേരെ കാണാതായെന്ന് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഷിംലയില്‍ മാത്രം 36 പേരെയാണ് കാണാതായത്. മണ്ടിയില്‍ എട്ട് പേരെയും കാണാതായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു.
അതേസമയം ഡല്‍ഹിയിലെ മഴക്കെടുതിയില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ ഡല്‍ഹിയില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗാസിയാബാദില്‍ അമ്മയും മകനും വെള്ളക്കെട്ടില്‍ വീണു മരിച്ചു. മഴ മുന്നിറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി കനത്ത ജാഗ്രതയിലാണ്. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പെയ്ത മഴയില്‍ നഗരത്തില്‍ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.