ചിന്നയ്യ കേസ് വിധി റദ്ദാക്കി സുപ്രീം കോടതി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം അനുവദനീയമെന്ന് കോടതി


ന്യൂഡല്‍ഹി: പട്ടികജാതി/പട്ടികവjര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം അനുവദനീയമെന്ന് സുപ്രീം കോടതി. ജോലികളിലും പ്രവേശനത്തിലും ക്വാട്ട അനുവദിക്കുന്നതിന് ഈ വര്‍ഗ്ഗീകരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പട്ടികജാതികളുടെ (എസ്സി) ഉപവര്‍ഗ്ഗീകരണത്തിനെതിരെ വിധി പ്രസ്താവിച്ച ചിന്നയ്യ കേസിലെ 2004ലെ വിധി 6:1 ഭൂരിപക്ഷത്തോടെ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അധഃകൃതവര്‍ഗം ഏകീകൃത വര്‍ഗമല്ലെന്ന് ചരിത്രപരമായ തെളിവുകള്‍ കാണിക്കുന്നുവെന്നും അതിന് കീഴിലുള്ള എല്ലാ വര്‍ഗങ്ങളും ഏകീകൃതമല്ലെന്ന് സാമൂഹിക സാഹചര്യങ്ങള്‍ കാണിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചില്‍ ജസ്റ്റിസ് ബാല ത്രിവേദി മാത്രം ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആjര്‍ ഗവായ്, വിക്രം നാഥ്, ബേല ത്രിവേദി, പങ്കജ് മിത്തല്‍ , മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.