ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ | Air India, flight service, Israel


ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഓഗസ്റ്റ് 8 വരെയുള്ള സര്‍വീസുകളാണ് അടിയന്തരമായി റദ്ദാക്കിയതെന്ന് വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഓഗസ്റ്റ് 8 വരെയുള്ള കാലയളവില്‍ ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കായി ബുക്കിങ് സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇവര്‍ക്കായി റീഷെഡ്യൂളിംഗ്, ക്യാന്‍സലേഷന്‍ നിരക്കുകളില്‍ ഒറ്റത്തവണ ഇളവ് എന്നിവ അനുവദിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കളെ ഇസ്രായേല്‍ പ്രതിരോധ സേന വധിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്വാന്‍ വിമാന കമ്പനികള്‍, യുഎസ് , യൂറോപ്യന്‍ വിമാനകമ്പനികള്‍ മുതലായവയും ഇറാന്‍, ലെബനന്‍ വ്യോമാതിര്‍ത്തി വഴിയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.