ഷിംല: ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ 50 പേരെ കാണാതായി. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്ഫോടനം നാശം വിതച്ചത്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കലാവസ്ഥാ വകുപ്പ് കാന്‍ഗ്ര, കുളു, മാണ്ഡി എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കൂടാതെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കാന്‍ഗ്ര, കുളു, മാണ്ഡി, ഷിംല, ചമ്പ്, സിര്‍മൗര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് കിട്ടുന്നതനുസരിച്ച് കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും ഹിമാചല്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഓംകാര്‍ ചന്ദ് ശര്‍മ്മ പറഞ്ഞു.