ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്: സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
ബംഗ്ലാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പിന്തുണ അറിയിച്ചു.
ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചര്‍ച്ച നടന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേര്‍ നിലവില്‍ ബംഗ്ലാദേശിലുണ്ട്. തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണെന്ന് സര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചു. ബംഗ്ലാദേശ് സേനയുമായി ബന്ധപ്പെടുന്നുണ്ട്. കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.