ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തല്‍ക്കാലം ഇന്ത്യ അഭയം നല്‍കിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചര്‍ച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഷെയ്ഖ് ഹസീനയെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.