പാരിസ് : ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരില്‍ പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനല്‍ മത്സരത്തില്‍നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ. ഭാരം നിയന്ത്രിക്കേണ്ടത് താരങ്ങളുടെ ഉത്തരവാദിത്തമാണെന്നു പി.ടി. ഉഷ വ്യക്തമാക്കി. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പാരിസിലേക്കു പോയ മെഡിക്കല്‍ ടീമിനും മെഡിക്കല്‍ ഓഫിസര്‍ ദിന്‍ഷോ പര്‍ദിവാലയ്ക്കും എതിരായ വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പി.ടി. ഉഷ അറിയിച്ചു.
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനലില്‍ കടന്ന വിനേഷിനെ മത്സരത്തിന്റെ അന്ന് രാവിലെയാണ് അയോഗ്യയാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡല്‍ നഷ്ടപ്പെട്ടിരുന്നു. ‘ഗുസ്തി, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ പോലുള്ള ഇനങ്ങളില്‍ താരങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലറ്റുകളുടേയും അവരുടെ പരിശീലകരുടേയും ചുമതലയാണ്. ഐഒഎ നിയമിച്ച ചീഫ് മെഡിക്കല്‍ ഓഫിസര്‍ ദിന്‍ഷോ പര്‍ദിവാലയുടേയും അദ്ദേഹത്തിന്റെ സംഘത്തിന്റേയും ഉത്തരവാദിത്തമല്ല,’- പി.ടി. ഉഷ പ്രസ്താവനയില്‍ അറിയിച്ചു.