മദ്യനയക്കേസ്: ജയില്‍ മോചനംതേടി സുപ്രീം കോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍



ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Read Also: വയനാടിന് 15കോടി രൂപയും 300 വീടുകളും വാഗ്ദാനം ജയിലില്‍ കഴിയുന്ന മലയാളി സുകേഷ് ചന്ദ്രശേഖര്‍

കെജ്രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്വി അടിയന്തര ലിസ്റ്റിങ്ങിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് വിഷയം പരാമര്‍ശിച്ചു. ഇ-മെയില്‍ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26 നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12ന് ഇ.ഡി കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കെജ്രിവാളിന് ജയില്‍ മോചിതനാകാന്‍ സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് സിബിഐ അറസ്റ്റ് ചോദ്യംചെയ്തും ജാമ്യം ആവശ്യപ്പെട്ടും കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയുടെ സിംഗിള്‍ ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി തള്ളി. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഈ ഉത്തരവിനെതിരെയാണ് കെജ്രിവാള്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.