വയനാടിന് 15കോടി രൂപയും 300 വീടുകളും വാഗ്ദാനം ജയിലില്‍ കഴിയുന്ന മലയാളി സുകേഷ് ചന്ദ്രശേഖര്‍


ന്യൂഡല്‍ഹി: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പിറന്നാള്‍ സമ്മാനങ്ങള്‍ വാഗ്ദാനംചെയ്ത് 200 കോടിയുടെ തട്ടിപ്പടക്കം വിവിധ കേസുകളില്‍ പ്രതിയായി ഡല്‍ഹി ജയിലില്‍ കഴിയുന്ന മലയാളി സുകേഷ് ചന്ദ്രശേഖര്‍. സ്വകാര്യ ആഡംബര നൗകയും ആരാധകര്‍ക്ക് 100 ഐഫോണുകളും വയനാട് ദുരിതാശ്വാസത്തിന് 15 കോടി രൂപയും 300 വീടുകളുമാണ് സുകേഷിന്റെ വാഗ്ദാനങ്ങളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജയിലില്‍ നിന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സുകേഷ് അയച്ച കത്ത് മുന്‍നിര്‍ത്തിയാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൈ ബേബി ഗേള്‍, മൈ ബൊമ്മ എന്നാണ് പിറന്നാളാശംസിച്ചുകൊണ്ടുള്ള കത്തില്‍ ജാക്വിലിനെ വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജാക്വിലിനുവേണ്ടി ഒരു ആഡംബര നൗകയാണ് സുകേഷ് വാഗ്ദാനംചെയ്തിരിക്കുന്നത്. ലേഡി ജാക്വിലിന്‍ എന്നാണ് ഇതിന്റെ പേര്. കൂടാതെ ജാക്വിലിന്റെ ആരാധകര്‍ക്കായി 100 പുത്തന്‍ ഐ ഫോണുകളും നല്‍കും.

സഹജീവികളെ സഹായിക്കാനുള്ള ജാക്വിലിന്റെ മനസിനെ കത്തില്‍ പുകഴ്ത്തുന്നുണ്ട് സുകേഷ്. ഇതിന്റെ ഭാഗമായി 15 കോടി രൂപയും 300 വീടുകളും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും സുകേഷ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം ജാക്വിലിന് ഒരു സമ്മാനത്തിലൂടെയും കിട്ടില്ലെന്നും സുകേഷ് പറഞ്ഞു.

2015 മേയ് 29-ലാണ് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു.

സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സുകേഷില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന കുറ്റത്തിന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തത്.