ഡോക്ടറെ ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് പ്രതി മദ്യപിക്കുകയും അശ്ലീല വിഡിയോ കാണുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട്


കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്. കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് പ്രതി സഞ്ജയ് റോയ് മദ്യം കഴിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കുറ്റകൃത്യം നടന്ന ദിവസം രാത്രി 11 മണിയോടെ സഞ്ജയ് ആശുപത്രിക്ക് പിന്നിലെ ഒരു സ്ഥലത്തേക്ക് മദ്യപിക്കാനായി പോയിരുന്നു. അവിടെ വെച്ച് മദ്യപിക്കുമ്പോള്‍ ഇയാള്‍ അശ്ലീല വീഡിയോകള്‍ കണ്ടതായും വൃത്തങ്ങള്‍ പറഞ്ഞു.

പരിശോധനയ്ക്കിടെ, സഞ്ജയ് റോയിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അക്രമാസക്തമായ നിരവധി അശ്ലീല വീഡിയോകള്‍ പോലീസ് കണ്ടെത്തി.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 31 കാരിയായ വനിതാ ബിരുദാനന്തര ട്രെയിനി ഡോക്ടറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നതായി കണ്ടത്തി. അവരുടെ വയറിലും ഇടതുകാലിലും കഴുത്തിലും വലതുകൈയിലും മോതിരവിരലിലും ചുണ്ടിലും പരിക്കുണ്ട്.