മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവ് മുംബൈയിൽ നാല് ജ്വല്ലറികളുടെ ഉടമ; ആഡംബര ബംഗ്ലാവും അം​ഗരക്ഷകരുമെല്ലാമായി വൻ സെറ്റപ്പും


മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവിനെ തേടി മുംബൈയിലെത്തിയ കേരള പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി. പതിനെട്ട് വർഷം മുമ്പ് മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്നും 30 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ ഇപ്പോൾ നാല് ജ്വല്ലറികളുടെ ഉടമയാണ്. ആഡംബര ബംഗ്ലാവും സ്വന്തം അം​ഗരക്ഷകരുമെല്ലാമായി വൻ സെറ്റപ്പ്. മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ 18 വർഷം മുമ്പ് സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ (53) അതി സാഹസികമായാണ് മുംബൈ മുളുണ്ടിൽനിന്നും കേരള പൊലീസ് പിടികൂടിയത്.

2006ലാണ് ഇയാൾ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നിന്നും 30 പവൻ സ്വർണവുമായി കടന്നുകളഞ്ഞത്. നവകേരള സദസ്സിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായാണ് അറസ്റ്റ് ചെയ്തു പൊലീസ് മൂവാറ്റുപുഴയിലെത്തിച്ചത്.

മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നൽകാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യർഥിച്ചത്. സമ്പന്നനായ അയൽവാസി മോഷണക്കേസിൽ പൊലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാരിൽ പലരും ആദ്യം വിശ്വസിച്ചില്ല. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പൊലീസ് നാട്ടിലേക്കു മടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

കല്ലറയ്ക്കൽ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിൽ താമസിച്ചിരുന്നു. ഇയാൾ പതിവായി ജ്വല്ലറിയിൽനിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയിരുന്നു. 2006ൽ ഇങ്ങനെ പോയശേഷം തിരികെയെത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതം മുങ്ങുകയായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. ചില തിരിച്ചറിയൽ രേഖകളിൽനിന്നു മക്കളുടെ അക്കൗണ്ടുകൾ കണ്ടെത്തി.

മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകൾ കൈമാറിയിരുന്നു. 18 വർഷം മുൻപു മുങ്ങി ചെറിയതോതിൽ സ്വർണ ബിസിനസ് തുടങ്ങിയ യാദവ് പൊലീസ് കണ്ടെത്തുമ്പോഴേക്കും 4 ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു.