വസ്ത്രങ്ങളും വളകളും വാങ്ങാന്‍ ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം വേണം: യുവതിക്ക് മറുപടിയുമായി കോടതി


ബെംഗളൂരു: ഭര്‍ത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍.

പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹര്‍ജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി.

കര്‍ണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭര്‍ത്താവ് നരസിംഹയില്‍ നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബ കോടതി രാധയ്ക്ക് ഭര്‍ത്താവ് പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, മാസം ആറ് ലക്ഷത്തിലേറെ രൂപ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയായിരുന്നു.

വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാന്‍ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഭക്ഷണത്തിനായി 60,000 രൂപ ഒരുമാസം വേണ്ടിവരും. മുട്ടുവേദനയ്ക്കും ഇതിനോട് അനുബന്ധിച്ചുള്ള ഫിസിയോതെറാപ്പിയും ഉള്‍പ്പെടെ ചികിത്സയ്ക്കായി പ്രതിമാസം നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, ഹര്‍ജിക്കാരിയുടെ വാദം കേട്ട വനിതാ ജഡ്ജി ഈ ആവശ്യങ്ങള്‍ കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്ന് നിരീക്ഷിച്ചു. ഇത്രയും തുക ചെലവഴിക്കണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്ബാദിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.