വ്യാജ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: പ്രതി എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു


ചെന്നൈ: തമിഴ്നാട്ടിലെ ബര്‍ഗൂരില്‍ സംഘടിപ്പിച്ച വ്യാജ എന്‍സിസി ക്യാമ്പില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയില്‍ ഇയാളെ സേലത്തെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെയാണ് ഇയാള്‍ വിഷം കഴിച്ചത്.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് ശിവരാമന്‍ അടക്കമുള്ള 11 പേരുടെ സംഘം പീഡിപ്പിച്ചത്. കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. എന്‍സിസി യൂണിറ്റ് ഇല്ലാത്ത സ്‌കൂളില്‍ പുതിയ യൂണിറ്റ് അനുവദിപ്പിക്കാമെന്നു വാഗ്ദാനം ചെയ്‌തെത്തിയ പരിശീലകനായിരുന്നു മരിച്ച ശിവരാമന്‍. കാവേരിപട്ടണം സ്വദേശിയാണിയാള്‍. ഇയാളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5 മുതല്‍ 9 വരെ സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ 41 വിദ്യാര്‍ഥികളാണു പങ്കെടുത്തത്. ഇതില്‍ 17 പെണ്‍കുട്ടികളുണ്ടായിരുന്നു. തങ്ങള്‍ക്ക് നേരിട്ട മാനസികാഘാതം കുട്ടികള്‍ മാതാപിതാക്കളോട് പറയുകയും ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.