ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം, ആശുപത്രിയില്‍ വരുന്നതിന് മുന്‍പ് പ്രതി വേശ്യാലയത്തില്‍ പോയി


കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലക്കേസ് പ്രതി സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം ആശുപത്രിയില്‍ എത്തുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് അന്വേഷണസംഘം. കൃത്യം നടന്ന സ്ഥലത്തുനിന്നും അന്വേഷണസംഘത്തിന് പ്രതിയുടേതെന്നു കരുതുന്ന ഇയര്‍ഫോണ്‍ കിട്ടിയിരുന്നു. അന്വേഷണസംഘം പുറത്തുവിട്ട ദൃശ്യങ്ങളില്‍ പ്രതിയുടെ കഴുത്തില്‍ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ചുറ്റിയിരിക്കുന്നത് വ്യക്തമാണ്. ചോദ്യം ചെയ്യലിനിടെ സിസിടിവി ദൃശ്യം പ്രതിയെ കാണിക്കുകയും ചെയ്തു.

പുലര്‍ച്ചെ 1.30നാണു പ്രതി ആശുപത്രിയില്‍ എത്തുന്നത്. അതിനു മുന്‍പ് കൊല്‍ക്കത്തയിലെ 2 അനാശാസ്യ കേന്ദ്രങ്ങളില്‍ പ്രതി പോയിരുന്നു. ഓഗസ്റ്റ് 8നു രാത്രിയില്‍ സോനഗച്ചിയില്‍ എത്തിയ പ്രതി മദ്യപിച്ചതിനുശേഷം രണ്ട് അനാശാസ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തി.

അതേസമയം. കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെയും മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെയും മറ്റ് അഞ്ചുപേരുടെയും നുണ പരിശോധന നടക്കുകയാണ്. സഞ്ജയ് റോയിയുടെ നുണപരിശോധന ജയിലില്‍ വച്ചും മറ്റ് അഞ്ചുപേരുടേത് സിബിഐ ഓഫീസില്‍വച്ചുമാണ് നടക്കുന്നത്.

ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് സ്‌പെഷലിസ്റ്റ് സംഘമാണ് കൊല്‍ക്കത്തയില്‍ എത്തി പരിശോധന നടത്തുന്നത്.