തിരുച്ചിറപ്പള്ളി: അഞ്ചാമതും ഗര്‍ഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്. മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കൂടാതെ മരുന്ന് കഴിച്ച് ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ട്രിച്ചിയിലെ മഹാത്മാ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പെണ്‍കുട്ടികളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗര്‍ഭിണിയാണെന്ന് ഇവര്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 22ന് ഒരു ഫാര്‍മസിയില്‍ നിന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് കൂടാതെ തന്നെ വാങ്ങിയ മരുന്ന് കഴിച്ചതിന് ശേഷം ഇവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.
തൊട്ടടുത്ത ദിവസം സഹോദരിയുടെ വീട്ടില്‍ വച്ച് അവശനിലയിലായതോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇവരെ മഹാത്മാ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.