വാഹനങ്ങളിൽ പിൻസീറ്റിലുള്ളവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം, ഇല്ലെങ്കിൽ കനത്ത പിഴ : കർശന നിലപാടുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: വാഹന പരിശോധനകളിൽ മുൻ സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് ഇത്രകാലവും പരിശോധന നടത്തിയിരുന്നത്. എന്നാൽ ഈ രീതിക്ക് മാറ്റം വരുത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ. പിൻസീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇനി മുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് വാഹനത്തിൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തത് കാരണം അപകട മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത വർഷം ഏപ്രിൽ മുതലാണ് ഈ നിയമം കർക്കശമായി നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡിലുള്ള സീറ്റ് ബെൽറ്റുകളും, ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. വാഹനനിർമാതാക്കൾ ഇത് ഉറപ്പാക്കണം എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.