സെപ്റ്റംബറില്‍ മഴ കനക്കും: പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസം രാജ്യത്ത് സാധാരണയിലധികം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 109 ശതമാനത്തിലധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി ശരാശരി 167.9 മില്ലിമീറ്റര്‍ മഴയാണ് സെപ്റ്റംബറില്‍ ലഭിച്ചിരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഓരോ ആഴ്ചയിലും ഒരോ ന്യൂനമര്‍ദ്ദം ഉണ്ടാകും.

ഈ സമയം മണ്ണ് കൂടുതല്‍ ഈര്‍പ്പമുള്ളതാകുമെന്നും ഇത് കൃഷിക്ക് അനുയോജ്യമാകുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരിക്ക് മുകളില്‍ മഴ ലഭിക്കുന്നത് നെല്ല്, സോയാബീന്‍, ശൈത്യകാല വിളകളായ ഗോതമ്പ്, റാപ്‌സീഡ് എന്നിവയ്ക്ക് ഗുണം ചെയ്യും. വിലക്കയറ്റത്തെ ചെറുക്കുന്നതിലും ഇത് നിര്‍ണായകമാകും.

എന്നാല്‍ അളവില്‍ കവിഞ്ഞ മഴ, രാജ്യത്ത് പലയിടത്തും വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകും. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍, മധ്യപ്രദേശിന്റെ സമീപ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ ബിഹാര്‍, വടക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് തുടങ്ങി വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇക്കാലയളവില്‍ സാധാരണയിലും താഴെ മഴ മാത്രമാകും ലഭിക്കുകയെന്നും പ്രവചനമുണ്ട്. ഈ പ്രദേശങ്ങള്‍ വരണ്ട സാഹചര്യങ്ങളെ അഭിമുഖീകരിച്ചേക്കാം. ഇത് കൃഷിയെയും ജലസ്രോതസ്സുകളെയും ബാധിച്ചേക്കാം.