കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഇന്ത്യന്‍ സംസ്ഥാനം, ജനങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുവെന്ന് റവന്യു മന്ത്രി
ഡാര്‍ജ്‌ലിംഗ്: ഔഷധ, മെഡിക്കല്‍, വ്യവസായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്.
‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതില്‍ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതല്‍ അധ്വാനം ആവശ്യമില്ല, അതിനാല്‍ നമുക്ക് അത് ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്‌ഠ്യേന ഈ പ്രമേയം അംഗീകരിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നിയന്ത്രിതമായി കഞ്ചാവ് കൃഷി ചെയ്യുന്നതിനെ അനുകൂലിച്ചുകൊണ്ട് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. കൃഷിവകുപ്പ് ഗവേഷണ വികസന വിദഗ്ധരെയും സര്‍വകലാശാലകളെയും ഏകോപിപ്പിച്ച് കഞ്ചാവ് കൃഷിക്കായി വിത്ത് ബാങ്കുകള്‍ വികസിപ്പിക്കും. അതിനിടെ, അധിക ജോലികള്‍ കൈകാര്യം ചെയ്യാന്‍ എക്സൈസ് വകുപ്പിന് പ്രത്യേക ജീവനക്കാരെയും നല്‍കും.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ 10, 14 വകുപ്പുകള്‍ പ്രകാരം, ഔഷധ, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് കഞ്ചാവ് (ചരസ് ഒഴികെ) കൃഷി ചെയ്യുന്നത് നിയമവിധേയമാക്കുന്ന കാര്യം പരിശോധിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2023 ഏപ്രില്‍ 26ന് രൂപീകരിച്ച സമിതിയില്‍ ശാസ്ത്രജ്ഞര്‍, ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധര്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു.