പട്ടാപ്പകല്‍ ഫുട്പാത്തില്‍ നടന്ന ബലാത്സംഗം പകര്‍ത്തി, ദൃശ്യങ്ങള്‍ വൈറലാക്കി: 42കാരനായ ഓട്ടോഡ്രൈവര്‍ പിടിയില്‍


ഉജ്ജെയിന്‍: തിരക്കേറിയ റോഡിലെ ഫുട്പാത്തില്‍ പട്ടാപ്പകല്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍. ശനിയാഴ്ചയാണ് 42കാരനായ ഓട്ടോ റിക്ഷാ ഡ്രൈവറായ മൊഹമ്മദ് സലിം അറസ്റ്റിലായത്. പട്ടാപകല്‍ റോഡിലെ ഫുട്പാത്തില്‍ നടന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൊഹമ്മദ് സലിമാണ് വീഡിയോ പങ്കുവച്ചതെന്നാണ് പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ്മ വിശദമാക്കിയത്.

ഇതിന് മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഡിയോ വൈറലായി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഫോണ്‍ പൊലീസ് പരിശോധിക്കുകയാണ്. ഇരയുടെ വ്യക്തി വിവരം പുറത്ത് വരാന്‍ കാരണമായതിനും, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും അശ്ലീല ദൃശ്യങ്ങളുടെ വില്‍പനയ്ക്കുമാണ് ഇയാള്‍ അറസ്റ്റിലായിട്ടുള്ളത്.

ബുധനാഴ്ചയാണ് ഉജ്ജയിനിലെ കൊയ്‌ല പതകിന് സമീപത്തെ ഫുട്പാത്തില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവം ആളുകള്‍ കണ്ട് നിന്നതല്ലാതെ ആരും യുവതിയെ രക്ഷിക്കാന്‍ മുന്നോട്ട് വരാതിരുന്നത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പീഡന ദൃശ്യങ്ങള്‍ വൈറലായത്. യുവതിയെ പീഡിപ്പിച്ച ലോകേഷ് എന്ന യുവാവിനെ എഫ് ഐആര്‍ ഇട്ടതിന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ആക്രി വസ്തുക്കള്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന യുവാവാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.