റഷ്യ- യുക്രെയ്ന്‍ പ്രശ്‌നപരിഹാരത്തിന് ഇന്ത്യ: പുടിനെ മോദി ഫോണില്‍ വിളിച്ചു


ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്‌നും സന്ദര്‍ശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം.

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കണ്ടശേഷം നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ യുക്രെയ്ന്‍-റഷ്യ പ്രശ്‌ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി, റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഈ ഫോണ്‍ ചര്‍ച്ചയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയയ്ക്കാന്‍ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദര്‍ശന തീയതി സംബന്ധിച്ച് വ്യക്തതയില്ല. സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രെയ്ന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി സംഘര്‍ഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പ്രശ്‌ന പരിഹാരത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യന്‍ അധികൃതരും വ്യക്തമാക്കിയിരുന്നു. യുക്രെയ്‌നില്‍ എത്രയും വേഗം സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുക്കമാണെന്നു പറഞ്ഞ മോദി, വ്യക്തിപരമായി ഇടപെടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യയും യുക്രെയ്നും ഉള്ളുതുറന്നു ചര്‍ച്ച നടത്തണമെന്നും പ്രായോഗികമായ ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാകൂവെന്നും ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിരുന്നു.