പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും


ചെന്നൈ: പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിര്‍മിച്ച 2.05 കിലോമീറ്റര്‍ നീളമുള്ള പുതിയ റെയില്‍വേ പാലം രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്നു. രാമേശ്വരം പാമ്പന്‍ കടലില്‍ 545 കോടി രൂപ ചെലവിലാണ് പുതിയ റെയില്‍പ്പാലം നിര്‍മിക്കുന്നത്.

ഇതോടെ 22 മാസത്തെ ഇടവേളയ്ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. തമിഴ്നാട് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിലും മറ്റ് സ്ഥലങ്ങളിലും നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

രാമേശ്വരം പാമ്പന്‍ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയില്‍വേ പാലം 1914ല്‍ ആണ് തുറന്നത്. കപ്പലുകള്‍ വരുമ്പോള്‍ തുറയ്ക്കാനും അടയ്ക്കാനുമാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1988-ല്‍ ഒരു സമാന്തര റോഡ് പാലം നിര്‍മ്മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായി ഇത് തുടര്‍ന്നു.

രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാര്‍ഗ്ഗമായിരുന്നു ഈ റെയില്‍വേ ലൈന്‍. നീലിമയാര്‍ന്ന കടലിന്റെ പശ്ചാത്തലത്തില്‍ ഈ പാമ്പന്‍ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ സൗന്ദര്യം കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ രാമേശ്വരത്ത് എത്തിയിരുന്നു.

അതിനിടെ നൂറ്റാണ്ട് പഴക്കമുള്ള പാലത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 5 വര്‍ഷം മുമ്പ് പാമ്പന്‍ പാലത്തിന് നടുവില്‍ ഒരു കപ്പല്‍ കൂട്ടിയിടിച്ചത്. ഇതുമൂലം മാസങ്ങളോളം ട്രെയിന്‍ ഗതാഗതം നിലച്ചു. ഈ പഴയ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതിന് ശേഷം കഴിഞ്ഞ 2019ലാണ് ഈ പ്രവൃത്തികള്‍ ആരംഭിച്ചത്. അതിനിടയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് പണികള്‍ തടസ്സപ്പെട്ടു.

പഴയ റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചപ്പോള്‍ വന്‍കരയിലെ ”മണ്ഡപം” വരെ മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികള്‍ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്ക്കുകയും (വെര്‍ട്ടിക്കല്‍ ലിഫ്റ്റ്) ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പന്‍ പാലം.

പുതിയ പാലത്തിന് സമുദ്രനിരപ്പില്‍ നിന്ന് 22 മീറ്റര്‍ എയര്‍ ക്ലിയറന്‍സ് ഉണ്ട്, പഴയ പാലത്തില്‍ 19 മീറ്ററായിരുന്നു ക്ലിയറന്‍സ്. പുതിയ പാമ്പന്‍ പാലത്തില്‍ ലിഫ്റ്റ് സ്പാന്‍ സംവിധാനം പൂര്‍ത്തിയാക്കിയതിന് ശേഷം ദക്ഷിണ റെയില്‍വേ വിജയകരമായി ട്രയല്‍ റണ്‍ നടത്തിയിരുന്നു.
എല്ലാ സുരക്ഷാ പരിശോധനകളും വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.