വരാണസി: സമൂഹ മാധ്യമത്തിലൂടെ നിരന്തരം ബലാത്സംഗ ഭീഷണി മുഴക്കിയ യുവാവിനെ വീട്ടില്‍ കയറി തല്ലി കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സഫ്റോണ്‍ രാജേഷ് സിങ് എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ റോഷ്നി കുശാല്‍ ജയ്സ്വാളാണ് തനിക്കെതിരെ ബലാത്‌സംഗ ഭീഷണി മുഴക്കുകയും മോശം കമന്റുകള്‍ ഇടുകയും ചെയ്ത രാജേഷിനെ അനുയായികള്‍ക്കൊപ്പമെത്തി മർദിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റോഷ്നിയും സംഘവും രാജേഷിനെ വീട്ടില്‍ നിന്നിറക്കി മർദിക്കുന്നതാണ് വീഡിയോയിലുള്ളത് . ഇതിനിടെ രാജേഷിന്റെ ഭാര്യയും മകളും തടയാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് ആള്‍ക്കൂട്ടത്തോട് അഭ്യർഥിക്കുന്നതും വീഡിയോയില്‍ കാണാം.
read also: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു
നാല് വർഷമായി രാജേഷ് സമൂഹ മാധ്യമത്തിലൂടെ തന്നെ ബലാത്‌സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നുണ്ടെന്നും മോശം കമന്റുകളിടുന്നുണ്ടെന്നും റോഷ്നി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണി സഹിക്കാൻ വയ്യാത്ത അവസ്ഥയായപ്പോഴാണ് വീട്ടിലെത്തിയതെന്നും ഇയാളുടെ സ്വഭാവം ഭാര്യയെയും മകളെയും അറിയിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും തന്റെ പ്രവൃത്തി ഇത്തരം ഭീഷണികള്‍ നേരിടുന്ന മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും റോഷ്നി പറഞ്ഞു .