ഫ്രിഡ്ജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് മഹാലക്ഷ്മിയുടെ അമ്മ


ബെംഗളൂരു: രക്തത്തുള്ളികള്‍ വീണ ഫ്രിജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. അതികഠിനമായ ചീഞ്ഞ മണവും ഉണ്ടായിരുന്നു. ബെംഗളൂരു പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിലാണ് അമ്മ മീന റാണയുടെ മൊഴി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. 29കാരിയായ നെലമംഗല സ്വദേശി മഹാലക്ഷ്മി ദാസിന്റെ ശരീരഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്‌മെന്റിലെ ഫ്രിജില്‍നിന്നു കഷ്ണങ്ങളാക്കിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

നേപ്പാള്‍ സ്വദേശികളായ മീന റാണയും ഭര്‍ത്താവ് ചരണ്‍ സിങ്ങും 35 വര്‍ഷംമുന്‍പാണ് ബെംഗളൂരുവിലേക്കു കുടിയേറിയത്. മഹാലക്ഷ്മിയുടെ സഹോദരന്‍ ഉക്കും സിങ്ങിനെ വിളിച്ച്, ഫ്‌ളാറ്റില്‍നിന്ന് അസഹനീയമായ മണം വരുന്നുവെന്ന് അയല്‍ക്കാരാണ് അറിയിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു അമ്മ. വിവാഹിതയായ മഹാലക്ഷ്മി, ഭര്‍ത്താവും മകളുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ശനിയാഴ്ച മഹാലക്ഷ്മിയുടെ വീട്ടിലെത്തിയപ്പോള്‍ വീട് പുറത്തുനിന്നു പൂട്ടിയിട്ടതായി കണ്ടെത്തി. വീട്ടുടമയിനിന്ന് താക്കോല്‍ വാങ്ങി തുറന്നുനോക്കിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് അടിച്ചുകയറിയത്.

‘ഫ്രിഡ്ജിന് ചുറ്റും പുഴുക്കളായിരുന്നു. വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും സ്യൂട്ട്‌കെയ്‌സും ഉള്‍പ്പെടെ എല്ലാം ഫ്‌ളാറ്റിന്റെ ലിവിങ് റൂമില്‍ വലിച്ചുവാരി അലങ്കോലമാക്കി ഇട്ടിരിക്കുകയായിരുന്നു. ഫ്രിഡ്ജില്‍ രക്തത്തുള്ളികളും കണ്ടെത്തി. ഫ്രിഡ്ജ് തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു. അലറിവിളിച്ച് ഉടനെ ബന്ധുവിനെ അറിയിക്കാനായി ഓടിപ്പോയി. അവനാണ് പൊലീസിനെ വിവരം അറിയിച്ചത്’ – പരാതിയില്‍ മീന റാണ പറഞ്ഞു.

മഹാലക്ഷ്മിയുടെ സഹോദരി ലക്ഷ്മിയുടെ ഭര്‍ത്താവ് ഇമ്രാനാണ് മീനയ്‌ക്കൊപ്പം ഫ്‌ളാറ്റിലെത്തിയത്. അവസാനമായി മകളും അമ്മയും തമ്മില്‍ സംസാരിച്ചത് സെപ്റ്റംബര്‍ രണ്ടിനാണെന്നും പരാതിയില്‍ പറയുന്നു. 30ല്‍ പരം കഷ്ണങ്ങളായാണ് മഹാലക്ഷ്മിയുടെ ശരീരം മുറിച്ചത്. മല്ലേശ്വരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്.<