വ്യാജ കമ്പനി ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം ആന്റിബയോട്ടിക് ക്യാപ്സ്യൂൾ എന്ന വ്യാജേന വിതരണം ചെയ്തു


നാഗ്പൂർ: സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതമാണെന്ന് പൊലീസ്. നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവ നിർമിച്ചിരിക്കുന്നത് വെറ്ററിനറി മരുന്നുകൾ നിർമ്മിക്കുന്ന ഹരിദ്വാർ ആസ്ഥാനമായ ലബോറട്ടറിയിലാണെന്നും 1,200 പേജുകളുള്ള കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ആശുപത്രികളിലേക്കുള്ള വ്യാജ മരുന്ന് നിർമ്മാണത്തിന് പുറമെ റാക്കറ്റിലുള്ളവർ കോടിക്കണക്കിന് രൂപ ഹവാല ചാനലുകൾ വഴി കൈമാറിയിരുന്നതായും തെളിഞ്ഞു. മുംബൈയിൽ നിന്നും ഉത്തർപ്രദേശിലെ സഹറൻപൂരിലേക്കാണ് ഇത്തരത്തിൽ പണമിടപാട് നടത്തിയിരുന്നത്. വ്യാജമരുന്നിന്റെ നിർമ്മാണത്തിനായാണ് റാക്കറ്റിലെ മറ്റ് അംഗങ്ങൾക്ക് പണം കൈമാറിയിരുന്നത്.

ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര എന്നിങ്ങനെ ഇന്ത്യയിൽ ഉടനീളമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികൾക്ക് ഈ വ്യാജ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഡ്രഗ് ഇൻസ്‌പെക്ടർ നിതിൻ ഭണ്ഡാർക്കർ ആണ് ആന്റിബയോട്ടിക്കുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. കൽമേശ്വറിലെ ആശുപത്രിയിൽ എത്തിച്ച മരുന്നുകളിലാണ് മായം കണ്ടെത്തിയത്.