സ്‌കൂളിന് നല്ലത് വരാനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി: സ്‌കൂൾ ഡയറക്‌ടറും അദ്ധ്യാപകരും അറസ്റ്റില്‍


ലക്‌നൗ: സ്‌കൂളിന് നല്ലത് വരാനായി രണ്ടാം ക്ലാസുകാരനെ ബലിനല്‍കി അധ്യാപകർ. ഉത്തർപ്രദേശിലെ ഹാത്രാസിലാണ് സംഭവം. സ്‌കൂള്‍ ഡയറക്‌ടറും അദ്ധ്യാപകരും ഉള്‍പ്പെടെ അഞ്ചുപേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.

രസ്‌ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഈ മാസം 22നായിരുന്നു സംഭവം.

read also: ചുവന്ന സാരിയും നെയ്യ് വിളക്കും പ്രധാന വഴിപാട്: വിവാഹം നടത്തുന്ന കന്യാകുമാരി ദേവി

സ്‌കൂള്‍ ഡയറക്‌ടറുടെ പിതാവായ ദിനേശ് ബാഘേല്‍ ആണ് കേസിലെ മുഖ്യപ്രതി. ദുർമന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്ന ഇയാള്‍ സ്‌കൂളിന് വിജയമുണ്ടാകാൻ വിദ്യാർത്ഥിയെ ബലി നല്‍കണമെന്ന് മകനെയും അദ്ധ്യാപകരെയും ബോധ്യപ്പെടുത്തുകയും അതിനായി രണ്ടാംക്ളാസുകാരനെ തിരഞ്ഞെടുക്കുകയുംചെയ്തു . സ്‌കൂളിന് പുറത്തുള്ള കുഴല്‍ക്കിണറിന് സമീപത്തുവച്ച്‌ കുട്ടിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് മകന് സുഖമില്ലെന്നും എത്രയും വേഗം സ്‌കൂളിലെത്തണമെന്നും പ്രതികള്‍ വിദ്യാർത്ഥിയുടെ പിതാവിനെ വിളിച്ചറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും ഇവർ അറിയിച്ചു. ഡയറക്‌ടറുടെ കാറിനെ പിതാവ് പിന്തുടർന്നെങ്കിലും കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് സദാബാദില്‍ വച്ച്‌ കാറിനെ പിന്തുടർന്ന് പിടിക്കുകയും കാറിനുള്ളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സെപ്‌തംബർ ഒമ്പതിന് മറ്റൊരു കുട്ടിയെ ബലി നല്‍കാൻ സംഘം പദ്ധതിയിട്ടിരുന്നു. എന്നാല്‍, ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ആഴ്‌ചകള്‍ക്ക് ശേഷം രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ ദുർമന്ത്രവാദം നടത്തുന്നതിനുള്ള വസ്‌തുക്കള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.