വിട പറഞ്ഞത് കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിത്വം


രാജ്യത്തിൻറെ വളർച്ചയ്ക്കായി പ്രവർത്തിച്ച ഇന്ത്യയുടെ സ്വന്തം വ്യവസായി രത്തൻ ടാറ്റ അന്തരിച്ചത് രാജ്യത്തിന് തന്നെ തീരാ നഷ്ടമാണ്. രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നാണ് രത്തൻ ടാറ്റ ജനിച്ചത്. അവിവാഹിതനാണ്. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് തിങ്കളാഴ്ച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴി‍ഞ്ഞ മൂന്നു ദിവസമായി വെൻറിലേറ്ററിൻറെ സഹായത്തോടെയായിരുന്നു രത്തൻ ടാറ്റ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു.

1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങ് വർദ്ധിച്ചു. അതുപോലെ ലാഭത്തിലും 50 മടങ്ങ് വർദ്ധനവുണ്ടായി.അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. സാധാരണക്കാർക്കായി ടാറ്റ നാനോ കാർ യാഥാർത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.1961 ൽ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വർഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ കുറിച്ചു.