വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം, റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടർ: ഒഴിവായത് വൻ ദുരന്തം


മൊറാദാബാദ്: റെയിൽവെ ട്രാക്കിൽ ​ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ദന്തേരയിലാണ് സംഭവം. ദന്തേര സ്റ്റേഷനിൽ നിന്ന് ഒരു കി.മീ ദൂരത്തിൽ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് ട്രാക്കിൽ ​ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിൽ ചുവന്ന നിറത്തിലുള്ള വസ്തു കണ്ണിൽപെട്ടതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റി വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസും ലോക്കൽ പോലീസും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.സിലിണ്ടർ കണ്ടെത്തിയതിന് പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ജീവനക്കാരും ചേർന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തി. സിലിണ്ടർ ട്രാക്കിലെത്തിച്ചത് ആരാണെന്നോ എപ്പോഴാണെന്നോ കണ്ടെത്താനായില്ല. സിലിണ്ടർ കാലിയായിരുന്നു എന്നാണ് റിപ്പോർട്ട്.

അടുത്തിടെയായി റെയിൽവേ ട്രാക്കിൽ ഇത്തരത്തിൽ വസ്തുക്കൾ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്. ട്രെയിൻ അട്ടിമറി ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നേരത്തെ സൂറത്തിൽ ട്രാക്കിൽ നിന്ന് ഇരുമ്പ് ദണ്ഡുകളും കാൻപൂരിൽ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെത്തിയിരുന്നു.