പ്രണയവും ഒളിച്ചോട്ടവും,തുടര്‍ന്ന് രണ്ടാമതും മറ്റൊരാളുമായി പ്രണയം: മകളെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ നല്‍കി അമ്മ
ആഗ്ര: 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍. ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് വലിയ രീതിയിലുള്ള ട്വിസ്റ്റ് പുറത്ത് വന്നത്.
അല്‍കാ ദേവി എന്ന യുവതിയാണ് കൗമാരക്കാരിയായ മകളുടെ പെരുമാറ്റത്തില്‍ മടുത്ത് മകളെ കൊല്ലാന്‍ തീരുമാനിച്ചത്. സുഭാഷ് എന്ന വാടക്കക്കൊലയാളിയെയാണ് മകളെ കൊല്ലാനായി യുവതി വിളിച്ച് വരുത്തിയത്. എന്നാല്‍ വിളിച്ചു വരുത്തിയ കൊലയാളി മകളുടെ കാമുകനാണെന്ന് അല്‍കാ ദേവി അറിഞ്ഞിരുന്നില്ല. 17കാരി വിവാഹം ചെയ്യാമെന്ന് ഉറപ്പ് കൂടി നല്‍കിയതോടെ 38കാരനായ സുഭാഷ് സിംഗ് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് 35കാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇറ്റയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ യുവാവും കൗമാരക്കാരിയും ബുധനാഴ്ച അറസ്റ്റിലായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അല്‍കാ ദേവിയുടെ മകള്‍ ഗ്രാമവാസിയായ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ തന്റെ വീട്ടിലേക്ക് യുവതി മകളെ അയച്ചതോടെയാണ് പെണ്‍കുട്ടി സുഭാഷുമായി ചങ്ങാത്തത്തിലാകുന്നത്.
രാത്രി വൈകിയുള്ള പെണ്‍കുട്ടിയുടെ ഫോണ്‍വിളി ശ്രദ്ധിച്ച അമ്മയുടെ സഹോദരന്‍ വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയ അമ്മ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മകളുണ്ടാക്കിയ നാണക്കേടില്‍ പ്രകോപിതയായാണ് ഇവര്‍ മകളെ കൊല്ലാനായി ആളെ കണ്ടെത്തിയത്.
സെപ്തംബര്‍ 27നാണ് അല്‍ക സുഭാഷിന് 50000 രൂപ മകളെ കൊല്ലാനായി നല്‍കിയത്. മകളുടെ ചിത്രവും മറ്റ് വിവരവും നല്‍കിയതോടെയാണ് കാമുകിയെ ആണ് കൊലപ്പെടുത്തേണ്ടത് എന്ന് യുവാവിന് വ്യക്തമായത്. ഇതോടെ വിവരം ഇയാള്‍ കൗമാരക്കാരിയെ അറിയിച്ച് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.